പത്തനംതിട്ട : എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് എച്ച്1എന്‍1 പനി. തുമ്മല്‍, തൊണ്ടവേദന , മൂക്കൊലിപ്പ്, ചുമ, ശ്വാസതടസം, ഛര്‍ദ്ദി എന്നിവ ലക്ഷണങ്ങളാണ്.
രോഗബാധയുള്ളവര്‍ മൂക്കും വായും മറയ്ക്കാതെ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും രോഗിയുടെ സ്രവങ്ങള്‍ പുരളാനിടയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയും മറ്റുള്ളവരിലേക്ക് പകരുന്നു. രോഗലക്ഷണങ്ങള്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണ്. രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കുക.
രോഗമുള്ളപ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും പൊതുസ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും വിട്ടു നില്‍ക്കുക. കുഞ്ഞുങ്ങളെ സ്‌കൂള്‍/അങ്കണവാടി/ ക്രഷ് എന്നിവിടങ്ങളില്‍ വിടാതിരിക്കുക. നന്നായി വിശ്രമിക്കുക.
കഞ്ഞിവെള്ളം തിളപ്പിച്ചാറിയ വെള്ളം തുടങ്ങിയ പാനീയങ്ങള്‍ ധാരാളം കുടിക്കുകയും പോഷകപ്രദമായ ഭക്ഷണം കഴിക്കുകയും ചെയ്യുക. കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക .രോഗം ഇല്ലാത്തവരും ആശുപത്രി സന്ദര്‍ശന വേളകളില്‍ മാസ്‌ക് ധരിക്കണം. രോഗി സന്ദര്‍ശനത്തിനും മറ്റും ആശുപത്രികളില്‍ പോകുന്നത് പരമാവധി ഒഴിവാക്കുക.
ഗര്‍ഭിണികളിലെ രോഗബാധ ഗര്‍ഭമലസല്‍, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിക്കാന്‍ ഇടയുണ്ട്. ഗര്‍ഭിണികള്‍ ജലദോഷം പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാലും എത്രയും പെട്ടെന്ന് ചികിത്സ തേടണം.ശ്വാസകോശം, ഹൃദ്രോഗം, കരള്‍, കിഡ്‌നി, നാഡീ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, രക്താതിമര്‍ദ്ദം പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗം, സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവര്‍, പ്രതിരോധ ശക്തി കുറയ്ക്കുന്ന മരുന്നുകള്‍ (ഇമ്യൂണോ സപ്പ്രസന്റുകള്‍) കഴിക്കുന്നവര്‍ കുഞ്ഞുങ്ങള്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.