തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. തെക്കന്‍ തായ്ലന്‍ഡിനും സമീപ മ്യാന്‍മറിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഈ ചക്രവാതച്ചുഴി സെപ്റ്റംബര്‍ 28ന് വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലേക്ക് എത്താന്‍ സാധ്യത. തുടര്‍ന്നുള്ള 2 ദിവസങ്ങളില്‍, മ്യാന്‍മര്‍ ബംഗ്ലാദേശ് തീരങ്ങള്‍ക്ക് സമാന്തരമായും വടക്ക്-പടിഞ്ഞാറ് ദിശയില്‍ നീങ്ങി വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് എത്താന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 30 വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളം -മാഹി – ലക്ഷദ്വീപ് – തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ നാളെ (28) വരെ കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം (റെഡ് അലര്‍ട്ട്) നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.





