തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി തന്റെ കുടുംബം തകര്‍ത്തെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഗണേഷ് കുമാര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടി ആരുടെയും കുടുംബം തകര്‍ത്തില്ല. ഗണേഷ് കുമാറിന്റെ കുടുംബ പ്രശ്‌നം തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി ഇടപെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗണേഷിന്റെ ഭാഷ ഭീഷണിയുടേതാണെന്ന് കെ സി ജോസഫ് പ്രതികരിച്ചു.
സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ സരിത എസ് നായരുടെ കത്തില്‍ നാല് പേജ് കൂട്ടിചേര്‍ത്ത ഗൂഢാലോചന ആരുടേതാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിനെയും ഭാര്യയെയും തമ്മില്‍ യോജിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. ചാണ്ടി ഉമ്മന്റെ പത്തനാപുരം പ്രസംഗത്തോടെ 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ ചൂടന്‍ ചര്‍ച്ചയക്ക് വിഷയമായ സോളാര്‍ വീണ്ടും സജീവമാകുകയാണ്.
ഉമ്മന്‍ ചാണ്ടിയെ ഗണേഷ് കുമാറാണ് കുടുക്കിയത് എന്നാണ് ചാണ്ടി ഉമ്മന്‍ പ്രസംഗിച്ചത്. പറഞ്ഞ കാര്യത്തില്‍ ചാണ്ടി ഉമ്മന്‍ ഉറച്ച് നില്‍ക്കുകയും ഗണേശ് കുമാര്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വിമര്‍ശനം തുടരുകയും ചെയ്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയത്.






