പത്തനംതിട്ട: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗാർഹിക പീഡനങ്ങളും അതിക്രമങ്ങളും തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് കേരള പോലീസ് വിപ്ലവകരമായ പദ്ധതിക്ക് രൂപം നൽകുന്നു. പ്രാദേശിക തലത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീ, അയൽക്കൂട്ട സമിതികൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ ‘അയൽക്കൂട്ട സുരക്ഷാ സമിതികൾ’ രൂപീകരിക്കാനാണ് പൊലീസിൻ്റെ തീരുമാനം.
പോലീസിന്റെയും പ്രാദേശിക ജനകീയ കൂട്ടായ്മകളുടെയും സംയുക്തമായ പ്രവർത്തനത്തിലൂടെ കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കാനും ഇരകൾക്ക് വേഗത്തിൽ നിയമസഹായം എത്തിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഓരോ വാർഡിലും അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സമിതികൾ രൂപീകരിക്കും. വീടുകളിൽ നടക്കുന്ന ഗാർഹിക പീഡനങ്ങൾ, മാനസിക പീഡനങ്ങൾ എന്നിവ പ്രാദേശികമായി തന്നെ നിരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.സമിതിയിൽ പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് അതത് ലോക്കൽ പോലീസ് സ്റ്റേഷനിലെ വനിതാ ഹെൽപ്പ് ഡെസ്ക്കുമായും ബീറ്റ് ഓഫീസർമാരുമായും നേരിട്ട് ബന്ധപ്പെടാം.
പീഡന വിവരം ലഭിച്ചാൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കാൻ സമിതിക്ക് സാധിക്കും.ചെറിയ തോതിലുള്ള കുടുംബപ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി കൗൺസിലിംഗ് നൽകി പരിഹരിക്കാൻ സമിതികൾ മുൻകൈയെടുക്കും. ആവശ്യമെങ്കിൽ പോലീസിന്റെയും വനിതാ കമ്മീഷന്റെയും സേവനം ലഭ്യമാക്കും.
ഗാർഹിക പീഡന ഇരകൾക്ക് പരാതി നൽകാൻ പോലീസ് സ്റ്റേഷൻ വരെ പോകാൻ കഴിയാത്ത സാഹചര്യങ്ങൾ ഒഴിവാക്കിക്കൊണ്ട്, സമിതികൾ വഴി പരാതികൾ പോലീസിലെത്തിക്കാൻ ഇത് സഹായകരമാകും.
പ്രവർത്തന രീതി
ഓരോ പ്രദേശത്തെയും കുടുംബശ്രീ യൂണിറ്റുകൾ, ജനമൈത്രി പോലീസ്, ആശാവർക്കർമാർ, അംഗൻവാടി ടീച്ചർമാർ എന്നിവരെ ഏകോപിപ്പിച്ചായിരിക്കും സമിതികളുടെ പ്രവർത്തനം. സംശയാസ്പദമായ രീതിയിൽ ഒറ്റപ്പെടുന്ന സ്ത്രീകളെയും കുട്ടികളെയും സമിതിാംഗങ്ങൾ നിരീക്ഷിക്കുകയും, ആവശ്യമെങ്കിൽ പോലീസ് സഹായത്തോടെ ഇടപെടുകയും ചെയ്യും.
പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ജില്ലാതല ഉദ്ഘാടനവും വരും ദിവസങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയുടെ സാന്നിധ്യത്തിൽ നടക്കുമെന്നാണ് സൂചന. ഗാർഹിക പീഡന കേസുകളിൽ കുറഞ്ഞ സമയംകൊണ്ട് നീതി ലഭ്യമാക്കാനും സ്ത്രീകൾക്ക് നിർഭയമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും ഈ ജനകീയ കൂട്ടായ്മ വലിയൊരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.





