തിരുവല്ല: മലയാള കവിതയുടെ കാൽപ്പനിക വസന്തത്തിന് തുടക്കം കുറിച്ച മഹാകവിയാണ് കുമാരനാശാനെന്ന് എസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ ആശാൻ ദേഹവിയോഗം ശതാബ്ദിയാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവനെ കണ്ടുമുട്ടിയതാണ് കുമാരൻ എന്ന ബാലന്റെ ജീവിതത്തെ മാറ്റിമറിച്ചത്. തീരാവ്യാധികൾ മൂലം ശയ്യാവലംബിയായിരുന്ന കുമാരനെ 18 -)വയസ്സിൽ ഗുരുദേവൻ കാണുകയുണ്ടായി. തന്നോടൊപ്പം കുമാരന്‍ കഴിയട്ടെ എന്ന് ഗുരു നിര്‍ദ്ദേശിച്ചു. അങ്ങിനെയാണ് കുമാരന്‍ ഗുരുവിനോടൊപ്പം കൂടുകയും പ്രീയ ശിഷ്യന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നത്.
കുമാരന്റെ കഴിവുകൾ മനസിലാക്കിയ ഗുരുദേവന്റെ നിർദ്ദേശാനുസരണം സംസ്കൃതത്തിൽ ഉപരിപഠനത്തിനായി ബാംഗ്ലൂർക്ക് അയച്ചു. ആശാന്റെ കൃതികൾ കേരളീയ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ഗുരുവിന്റെ ഈശ്വരീയമായ ഭാവത്തെ വിസ്മരിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ ആർ, അനിൽ ചക്രപാണി, സരസൻ ടി.ജെ, മനോജ് ഗോപാൽ, പ്രസന്നകുമാർ,പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, ജോ.സെക്രട്ടറി ശ്രീവിദ്യാ സുരേഷ്, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, എംപ്ലോയീസ് ഫോറം കോർഡിനേറ്റർ ഷാൻ രമേശ് ഗോപൻ, പെൻഷൻ കൗൺസിൽ ചെയർപേഴ്‌സൺ അംബികാ പ്രസന്നൻ, കൺവീനർ ലളിതാ സുഗതൻ എന്നിവർ പ്രസംഗിച്ചു.