ശബരിമല : പ്രായത്തെ തോൽപ്പിക്കുന്ന നൃത്താർച്ചനയുമായി അയ്യപ്പ സന്നിധിയിൽ തൃശ്ശൂർ സ്വദേശി ലത വിശ്വനാഥ്. 67ാം വയസ്സിൽ കൊച്ചുമകളുടെ ആരോഗ്യം സുഖപ്പെടുന്നതിനായാണ് ലത അയ്യപ്പന് നൃത്താർച്ചന സമർപ്പിച്ചത്.
സർക്കാർ സർവീസിൽ നിന്നും ഹെഡ് നഴ്സ് ആയി വിരമിച്ച ലത വിശ്വനാഥ് അഞ്ചാം വയസ്സിൽ തുടങ്ങിയ ചുവടുകളുടെ താളം ഇപ്പോൾ കുട്ടികൾക്ക് പകർന്ന് നൽകുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ലത വിശ്വനാഥ് അയ്യപ്പ സന്നിധിയിൽ നൃത്താർച്ചന അവതരിപ്പിച്ചത്.
“നാഗഭൂഷിത പദങ്ങളും ചടുലതാളമോടു തിരുനടനവും” എന്ന ഗാനത്തോടെ ശിവഭഗവാൻ്റെ വേഷത്തിൽ എത്തിയ ലത വിശ്വനാഥിൻ്റെ നൃത്തചുവടുകൾ ആസ്വദിക്കാൻ നിരവധി ഭക്തരാണ് നടപന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയത്.






