കോഴിക്കോട് : താമരശ്ശേരിയിൽ പോലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽ എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. എന്‍ഡോസ്‌കോപ്പി അടക്കമുള്ള പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചിരുന്നു.അക്രമാസക്തനായ ഇയാളെ പോലീസ് ഓടിച്ചിട്ടാണ് പിടികൂടിയത്.ഇതിനിടെയാണ് ഇയാൾ എംഡിഎംഎ വിഴുങ്ങിയത്. തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ലഹരിമരുന്ന് കവര്‍ സഹിതം വിഴുങ്ങിയ മൈക്കാവ് സ്വദേശി ഷാനിദ് മരിച്ചിരുന്നു.