കോട്ടയം : തലയോലപ്പറമ്പിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരം. കോട്ടയം എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംക്‌ഷനിൽ ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസാണ് അപകടത്തിൽപെട്ടത്.
അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വളവു വീശി എടുക്കുന്നതിനിടെ ബസ്സിന്റെ നിയന്ത്രണം നഷ്ടമായി വട്ടം കറങ്ങിയ ശേഷം താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കെട്ടിടത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലും തലയോലപ്പറമ്പ്, മുട്ടുചിറ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.