കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 6.30ന് ഗ്രന്ഥമെഴുന്നള്ളത്തും പൂജവയ്പും നടക്കും. വിദ്യാരംഭത്തിന്റെ പുണ്യസന്നിധിയായ ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 11 മണിവരെ മാത്രമായിരിക്കും വിദ്യാരംഭം. തുടർന്ന് പൂജവയ്പിനോടനുബന്ധിച്ച് വിദ്യാരംഭം നിർത്തിവയ്ക്കും.
19-ന് ദുർഗാഷ്ടമിയും 20-ന് മഹാനവമിയുമാണ്. വിജയദശമി ദിനമായ 21-ന് പുലർച്ചെ നാലുമണിക്ക് പൂജയെടുപ്പോടുകൂടി വിദ്യാരംഭം പുനരാരംഭിക്കും. തുടർന്ന് അടുത്ത വർഷത്തെ ദുർഗാഷ്ടമി വരെ പതിവുപോലെ നിത്യവിദ്യാരംഭം ഉണ്ടായിരിക്കും.
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന സാരസ്വതം സ്കോളർഷിപ്പ് വിതരണം പുതുപ്പള്ളി എം.എൽ.എ. ചാണ്ടി ഉമ്മൻ നിർവഹിച്ചു. പനച്ചിക്കാട് പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് പനച്ചിക്കാട് ദേവസ്വം സ്കോളർഷിപ്പുകൾ നൽകിയത്. ദേശീയ അധ്യാപക പുരസ്കാരജേതാവ് സജൻ സാറിനെ ചടങ്ങിൽ അനുമോദിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിൽവി ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു.
ദേശീയ നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായി ചെന്നൈയിലെ പ്രശസ്ത സംഗീതജ്ഞൻ ആദിത്യ മാധവൻ അവതരിപ്പിച്ച സംഗീതക്കച്ചേരി ശ്രദ്ധേയമായി.
ഞായറാഴ്ച വൈകിട്ട് ദേശീയ നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായി സംഗീതസരസ്വതി, കച്ഛപി പുരസ്കാരങ്ങൾ വിതരണം ചെയ്യും. പ്രശസ്ത കഥകളി സംഗീതജ്ഞൻ കോട്ടയ്ക്കൽ മധുവിന് സംഗീതസരസ്വതി പുരസ്കാരവും വയലിൻ വിദ്വാന്മാരായ പ്രൊഫ. തിരുവിഴ ജി. ഉല്ലാസിനും ഇത്തിത്താനം ശ്യാംജി കെ. ഭാസിക്കും കച്ഛപി പുരസ്കാരങ്ങളും സമ്മാനിക്കും. കോട്ടയം എം.പി. കെ. ഫ്രാൻസിസ് ജോർജ് പുരസ്കാരവിതരണം നിർവഹിക്കും. തുടർന്ന് രാത്രി എട്ടിന് കഥകളി അരങ്ങേറും.
ദുർഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷങ്ങൾക്കായി ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാകുന്നത്. വിശേഷാൽ പൂജകളിലും ദേവീദർശനത്തിലും പങ്കെടുക്കാൻ ഭക്തജനത്തിരക്ക് തുടരുകയാണ്.





