ബെംഗളൂരു : ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശിനി ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ (23)യെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
താവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ഒടിസി റോഡിലെ ‘റിലെൻസി’ ലോഡ്ജിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ഗംഗയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ ഗംഗ നിലവിൽ ജോലി അന്വേഷിച്ചു വരികയായിരുന്നു.
ബിഎസ്‌സി നഴ്സിങ് ബിരുദധാരിയായ ഗോകുൽ കൃഷ്ണ, നഴ്സിങ് വിദ്യാർത്ഥികൾക്ക് കോളജ് അഡ്മിഷൻ നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി പ്രവർത്തിക്കുകയായിരുന്നു. ഇരുവരും നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു





