പത്തനംതിട്ട : ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബർ രേഖ സ്നേഹപ്പച്ചയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. വാഴമുട്ടം തെള്ളശ്ശേരത്ത് വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യ രേഖ നായർ എസിനെയാണ് (40) പോലീസ് പിടികൂടിയത്.
ബാങ്ക് ഓഫ് ഇന്ത്യയിലെ വായ്പാ കുടിശ്ശിക തീർപ്പാക്കാത്തതിനെ തുടർന്ന് വസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കാൻ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിനായി കഴിഞ്ഞ ദിവസം കോടതി കമ്മീഷനും കോടതി ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും വാഴമുട്ടത്തെത്തിയിരുന്നു.
തുടർനടപടികൾ ആരംഭിച്ചതോടെ പ്രതി ഉദ്യോഗസ്ഥരെ തടയുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിയായ നീതു രാജുവിനും ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്കും നേരെ ആക്രമണമുണ്ടായി.
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും ഭാരതീയ ന്യായ സംഹിതയിലെയും (BNS) കേരള പോലീസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.





