ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വ്യാഴാഴ്ച ഇടുക്കി, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെലുങ്കാനയുടെ കിഴക്കൻ മേഖലക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഇത് വടക്കോട്ട് നീങ്ങി അടുത്ത ആറുമണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിനും സമീപ പ്രദേശങ്ങൾക്കും മുകളിൽചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ തമിഴ്നാടിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.





