ന്യൂഡൽഹി : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ ഇറാനൊപ്പം ഇന്ത്യ നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്ത്യ- ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ എല്ലാക്കാലവും ഓർമിക്കപ്പെടും.അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാൻ ജനതയ്‌ക്കും അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റെയ്സിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.