തിരുവനന്തപുരം: ഒക്ടോബർ മൂന്ന് വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കേ ഇന്ത്യയിൽ രൂപപ്പെടുന്ന ന്യൂനമർദപാത്തിയുടെ സ്വാധീനത്തിലാണ് മഴ ലഭിക്കുക. ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് വിലയിരുത്തി.
സെപ്റ്റംബർ 30 മുതൽ ഒക്ടോബർ രണ്ട് വരെയാണ് നിലവിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സെപ്റ്റംബർ 30ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ഒക്ടോബർ ഒന്നിന് മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി,പത്തനംതിട്ട, കോട്ടയം ജില്ലകളിലും രണ്ടിന് വയനാട്, മലപ്പുറം,പാലക്കാട്,ഇടുക്കി,പത്തനംതിട്ട ജില്ലകളിലും യെലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം കേരളത്തിൽ ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 28 വരെ 28% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ലക്ഷദ്വീപിലും 28% മഴയുടെ കുറവുണ്ട്. കേരളത്തിൽ വയനാട് ജില്ലയിൽ ആണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 53 % മഴ കുറഞ്ഞു. കണ്ണൂർ, കാസർകോട്,കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ശരാശരി മഴ ലഭിച്ചു.





