തിരുവല്ല : ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംഘനകൾ ചേർന്ന് നടത്തുന്ന സാൻ്റാ ഹാർമണി- 2025 ന്റെയും സ്നേഹസംഗമത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. 19ന് വൈകിട്ട് നാലിന് തിരുവല്ല രാമഞ്ചിറ ബൈപ്പാസ് ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന പരിപാടി ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐ.പിഎസ് റാലി ഫ്ലാഗ് ഓഫ് ചെയ്യും.
തുടർന്ന് നടക്കുന്ന മഹാ ക്രിസ്മസ് ആഘോഷ യാത്രയിൽ അയ്യായിരത്തിലധികം ക്രിസ്മസ് പാപ്പാമാർ, പുഷ്പഗിരി മെഡിക്കൽ കോളേജ്, ബിലീവേഴ്സ് മെഡിക്കൽ കോളേജ് ,തിരുവല്ല മെഡിക്കൽ മിഷൻ, പരുമല സെൻ്റ്ഗ്രിഗോറിയോസ് മിഷൻ ആശുപത്രി, കല്ലിശ്ശേരി ഡോ.കെ.എം ചെറിയാൻ ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ വിവിധയിനം ഫ്ലോട്ടുകൾ റാലിയിൽ അണിനിരക്കും.
തിരുവല്ല പൗരാവലിയും, വ്യാപാര സ്ഥാപനങ്ങളും, മധ്യ തിരുവിതാംകൂറിലെ വിവിധ ആശുപത്രികളും, വിവിധ സംഘടനകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവല്ല നഗരത്തിലൂടെ കടന്ന് വരുന്ന ഘോഷയാത്ര സെൻ്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തിഡ്രൽ മൈതാനത്ത് എത്തിച്ചേരും. സമാപന സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ആൻ്റോ ആൻ്റണി എം.പി, അഡ്വ. മാത്യു.ടി. തോമസ് എംഎൽഎ,ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐഎഎസ്,സബ് കളക്ടർ സുമിത്ത് കുമാർ താക്കൂർ ഐഎഎസ് ,വിവിധ രാഷ്ട്രീയ സാമൂഹ്യ മത മേലധ്യക്ഷന്മാർ, സാംസ്കാരിക നായകന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഗാനമേളയും കലാപരിപാടികളും അരങ്ങേറും.






