കൊച്ചി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ 19 വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു . ജസ്റ്റിസ് സി.എസ്. ഡയസാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കോടതിയിൽ സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സിബിഐ വാദിച്ചെങ്കിലും കോടതി ഇത് തള്ളി.കേസിൽ കക്ഷി ചേർന്ന മാതാവ് ഷീബ, പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.