പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന്റെ പത്തനംതിട്ട സുബല പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരു മാസത്തിനകം പ്രവർത്തനമാരംഭിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ .സുബല പാര്‍ക്കില്‍ നിലവില്‍ നടത്തിയിട്ടുള്ള നിര്‍മാണ പ്രവൃത്തികളും ഭാവി പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഒരുമാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാനുള്ള തീരുമാനം.
പാര്‍ക്ക് സന്ദര്‍ശിച്ച് ഡയറക്ടര്‍, ജില്ലാ കലക്ടർ എന്നിവർ സ്ഥിതിഗതി വിലയിരുത്തി. കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാള്‍, അടുക്കള, വാഷ് റൂം എന്നിവയുടെ റീ വയറിംഗ്, പ്ലംബിംഗ്, മറ്റ് അറ്റകുറ്റപണികള്‍ എന്നിവയ്ക്കും ഹാളിലേയ്ക്ക് വേണ്ട ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനുമായി വകുപ്പിന്റെ ജില്ലാ കോര്‍പ്പസ് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് തീരുമാനമായി. പാര്‍ക്കിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് പ്രവൃത്തികളുടെ ചുമതല.
സബ്കലക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഇ.എസ്. അംബിക, അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്. ദിലീപ്, പട്ടികജാതി വികസന വകുപ്പ് ചീഫ് പ്ലാനിംഗ് ഓഫീസര്‍ എം. ഹുസൈന്‍, ജോയിന്റ് ഡയറക്ടര്‍ ജോസഫ് ജോണ്‍, സൗത്ത് സോണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍, നിര്‍മിതി കേന്ദ്രം പ്ലൊജക്ട് മാനേജര്‍ ആര്‍. മായ തുടങ്ങിയവര്‍ പങ്കെടുത്തു.