ആറന്മുള : പള്ളിയോട സേവാ സംഘം കഴിഞ്ഞ 3 ദിവസമായി ആറന്മുള സത്രക്കടവിൽ സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപിച്ചു. പരിശീലനത്തിൽ 300 ഓളം കുട്ടികൾ പങ്കെടുത്തു.
2018 ൽ ഉണ്ടായ മഹാ പ്രളയത്തിൽ നീന്തൽ അറിയാത്തത്തു കാരണം രക്ഷാ പ്രവർത്തനം ഏറെ ദുഷ്‌കരം ആയിരുന്നു. അതു മനസ്സിലാക്കി നിരവധി രക്ഷാ കർത്താക്കൾ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനായി കൂട്ടിക്കൊണ്ട് വന്നു. വെള്ളത്തിൽ ഇറങ്ങാനുള്ള ഭയം മാറ്റിയെടുക്കുക എന്നതായിരുന്നു ഇത്തവണത്തെ പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യം.
നീന്തൽ പരിശീലനത്തോടൊപ്പം, വെള്ളത്തിൽ വീഴുന്നവരെ എങ്ങിനെ രക്ഷപെടുത്തണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വെള്ളം കുടിച്ചാൽ ചെയ്യേണ്ട പ്രഥമശുശ്രുഷ തുടങ്ങിയ കാര്യങ്ങളും പരിശീലന കളരിയിൽ പങ്കെടുത്ത കുട്ടികൾക്കു വ്യക്തമാക്കി കൊടുത്തു. പത്തനംതിട്ട ഫെയർ ഫോഴ്സിലെ എസ്എഫ്ആർ ഒ പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്യുബാ ടീമീനൊപ്പം പള്ളിയോടം അമരക്കാരനായ നെടുമ്പ്രയാർ തങ്കച്ചനും പരിശീലനത്തിൽ പങ്കാളിയായി.
മൂന്നാം ദിവസത്തെ പരിശീലനം ആറന്മുള എസ് എച്ച് ഓ പ്രവീൺ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ് മാലിമേൽ, പരിശീലന കളരി ജനറൽ കൺവീനർ എം കെ ശശികുമാർ പണ്ടനാട്, കൺവീനർമാരായ പി ആർ ഷാജി, ശശി മാലക്കര, സി കെ ജയപ്രകാശ്, മനേഷ് എസ് നായർ, മോഹൻ ജി നായർ, സി ജി പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. നീന്തൽ പരിശീലനകളരി വരും വർഷവും തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പള്ളിയോട സേവാ സംഘം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ സദസ്സ് ഏപ്രിൽ 11നു രാവിലെ 9.30 നു ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ നടക്കും.