കോന്നി: ഇളകൊള്ളൂർ അതിരാത്രം 21 ഞായറാഴ്ച ആരംഭിക്കും. ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുന്ന അതിരാത്രം മെയ് 1 നാണ് പൂർത്തിയാകുന്നത്. 2015 ൽ ഇതേ ക്ഷേത്രത്തിൽ തന്നെയാണ് സോമയാഗം നടന്നത്. അതിരാത്രത്തിന്റെ ആദ്യത്തെ 6 ദിവസം സോമയാഗം തന്നെയാകും നടക്കുക. തുടർന്നാണ് രാത്രിയിലുൾപ്പടെ തടസ്സമില്ലാതെ അതിരാത്രം നടക്കുന്നത്.
അതിരാത്രത്തിനായുള്ള യജ്ഞ ശാലകളുടെ പണി അവസാന ഘട്ടത്തിലാണ്. ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ പുറം മതിലിനോട് ചേർന്നുള്ള ഗ്രൗണ്ടിലാണ് യജ്ഞശാലകൾ നിർമിച്ചിരിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് രണ്ടടിയിൽ കൂടുതൽ ഉയർത്തിക്കെട്ടിയ തറയിലാണ് യജ്ഞ ശാലകൾ പണിതിരിക്കുന്നത്. മേൽക്കൂര ഓല കൊണ്ട് നിർമിച്ചതാണ്. മൂന്നു ഭാഗങ്ങളായാണ് യജ്ഞ ശാലകൾ ഉള്ളത്. രണ്ടെണ്ണം ചരിഞ്ഞ കൂരകളാണ്. ഒരെണ്ണം പരന്ന മേൽക്കൂരയോട് കൂടിയുള്ളതാണ്. യജ്ഞത്തിനായുള്ള സാധന സാമഗ്രികളുടെ സംഭരമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഉച്ചഭാഷിണികളുടെ വ്യന്യാസം നടന്നു കൊണ്ടിരിക്കുന്നു. വിവിധ ആവശ്യങ്ങൾക്കുള്ള കൗണ്ടറുകളും തയ്യാറാക്കുന്ന തിരക്കിലാണ് സംഘാടകർ.
മഹായാഗത്തിൽ പങ്കെടുക്കുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും ഭക്തർക്ക് അവസരമൊരുക്കിയിട്ടുണ്ട്.