ആലപ്പുഴ: മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന ആക്ഷേപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നുവെന്ന്പത്രപ്
മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെതിരെയാണ് വെള്ളാപ്പള്ളി വിവാദ പരാമർശം നടത്തിയത്. റഹീസിനെ തനിക്ക് അറിയാമെന്നും അയാള്‍ മുസ്‌ലിങ്ങളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്. അയാള്‍ തീവ്രവാദിയാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം റഹീസ് ചോദിച്ച ചോദ്യത്തില്‍ പ്രകോപിതനായി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ടറിന്റെ മൈക്ക് തട്ടിമാറ്റിയിരുന്നു. മൈക്ക് തട്ടിമാറ്റിയതുമായി ബന്ധപ്പെട്ട വിഷയം അടക്കം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപം.
ഒന്നുമില്ലെങ്കിലും താനൊരു പ്രായമുള്ളയാളല്ലേയെന്നും മര്യാദ കാണിക്കണ്ടേയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. സംസാരിക്കേണ്ടതിന് ഒരു രീതിയുണ്ട്. പെരുമാറ്റത്തില്‍ പക്വത കാണിക്കണം. ഒന്നുമില്ലെങ്കിലും ആ മാധ്യമപ്രവര്‍ത്തകന്റെ അപ്പൂപ്പനകാനുള്ള പ്രായം തനിക്കില്ലേ. ദാര്‍ഷ്ട്യത്തോടെയാണ് അയാള്‍ സംസാരിച്ചത്. മൈക്കുമായി തന്റെ അടുത്തേയ്ക്ക് വന്നപ്പോള്‍ തട്ടിമാറ്റുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
റിപ്പോര്‍ട്ടറിനെതിരെ കടുത്ത ആക്ഷേപമാണ് വെള്ളാപ്പള്ളി ഉയര്‍ത്തിയത്. റിപ്പോര്‍ട്ടറിന് പിന്നില്‍ മറ്റാരോ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. രാഷ്ട്രീയക്കാരും ചാനലുകളുമായി റിപ്പോര്‍ട്ടര്‍ ടിവി ഏറ്റുമുട്ടലിലാണെന്നും അങ്ങനെ മുട്ടാന്‍ ഇവര്‍ പൊന്നുതമ്പുരാനാണോയെന്നും വെള്ളാപ്പള്ളി അധിക്ഷേപിച്ചു.
റിപ്പോര്‍ട്ടര്‍ തന്നെ വേട്ടയാടുകയാണ്. താന്‍ ചില സത്യങ്ങളാണ് പറയുന്നത്. താന്‍ പറയുന്നത് സത്യങ്ങളാണ് എന്ന് പറയുന്നതിന് പകരം റിപ്പോര്‍ട്ടര്‍ വേട്ടയാടുകയാണ്. താന്‍ എന്താ തെറ്റ് ചെയ്തത്? താന്‍ എന്താ പറഞ്ഞത്?. മലപ്പുറത്ത് തങ്ങള്‍ക്ക് സ്‌കൂളും കോളേജുമില്ല എന്നാണ് പറഞ്ഞത്. അതില്‍ എന്തിനാണ് ഇത്ര വിഷമം എന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
തന്റെ അനുഭവത്തില്‍ നിന്നാണ് അത് പറയുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് താന്‍ ആരാണെന്നും കൂടുതല്‍ കസര്‍ക്കേണ്ടെന്നും കളിക്കേണ്ടെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. മൈക്ക് ചൂണ്ടി ഇത് വലിച്ചെറിയണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി മര്യാദയ്ക്ക് സംസാരിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാധ്യമപ്രവർത്തകനെ നോക്കി താന്‍ അവിടെ കുറേ കസറിയെന്നും ഇവിടെ കസറേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ കൊമ്പൊന്നും ഇവിടെ എടുക്കേണ്ടെന്നും താന്‍ പറയുന്നത് കേട്ടാല്‍ മതിയെന്നും പറഞ്ഞ വെള്ളാപ്പള്ളി റിപ്പോര്‍ട്ടറിന്റെ മൈക്കിന് മുകളില്‍ ആഞ്ഞടിക്കുകയും ചെയ്തു. ഇവന്മാര്‍ വിചാരിച്ചാല്‍ ഒരു ചുക്കും ചെയ്യാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥാപിത താൽപര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്പി ആണെന്ന് ആവർത്തിച്ചു തെളിയിക്കുകയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.
കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ്റെ മൈക്ക് തട്ടി മാറ്റി പോടോ എന്ന് കയർത്ത വെള്ളാപ്പള്ളിയുടെ മാടമ്പി മനോഭാവവും ഫാഷിസ്റ്റ് നിലപാടും ജനാധിപത്യ സമൂഹം ഒരു നിലയ്ക്കും അംഗീകരിക്കാൻ പാടില്ലാത്തതാണ്. അദ്ദേഹത്തെ തിരുത്തിക്കാൻ അടുപ്പമുള്ള നേതാക്കളും കേരളത്തിൽ സാമൂഹിക നവോത്ഥാനത്തിൻ്റെ ചാലകശക്തിയായ എസ്.എൻ.ഡി.പി യോഗവും ഇനിയെങ്കിലും ശക്തമായി രംഗത്ത് വരേണ്ടതുണ്ട്.
ജനങ്ങൾക്കു വേണ്ടിയാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തുന്നത്. അതിനെ തട്ടിമാറ്റി മുന്നോട്ടുപോകാമെന്നു കരുതുന്നതു മൗഡ്യമാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു






