കോട്ടയം: കുമാരനെല്ലൂർ മേൽപ്പാലത്തിനടിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. 320 ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച കാഞ്ചനഗർ പോലീസ് സംഘമാണ് പ്രതിയെ പിടികൂടി വാഹനം കണ്ടെത്തിയത്. കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് ആദിൽ (19) ആണ് അറസ്റ്റിലായത്. ഇയാളെ വീട്ടിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്.
ഓഗസ്റ്റ് 27-ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കോട്ടയം കുമാരനെല്ലൂർ മേൽപ്പാലത്തിനടിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ മോഷണം പോയത്. വാഹനത്തിൻ്റെ ക്യാബിനുള്ളിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് പ്രതികൾ വാഹനം മോഷ്ടിച്ചു കൊണ്ടു പോയത്. സംഭവസ്ഥലത്തിൽ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ കണ്ടെത്തിയ പോലീസ് രണ്ടു പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.
തുടർന്ന് ഗാന്ധിനഗർ പോലീസ് നടത്തിയ അന്വേഷണത്തിൽ വിവിധയിടങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് വാഹനം അങ്കമാലിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ജർലിൻ വി. സ്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.





