കൊല്ലം: വിശ്വസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മഹാസമുദ്രമായ മാതാ അമൃതാനന്ദമയീദേവിയുടെ 73-ാം പിറന്നാള്‍ ഇന്ന്. അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിദേശത്തുനിന്നുള്‍പ്പെടെ പതിനായിരങ്ങളാണ് അമൃതപുരി കാമ്പസിലെത്തിയത്.
അമൃത വിശ്വവിദ്യാപീഠം കാമ്പസില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ജന്മദിന പരിപാടികള്‍ അരങ്ങേറുന്നത്. ഇന്നലെ വൈകിട്ട് നടന്ന പൊതുപരിപാടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്തു. അമൃതാനന്ദമയി മഠം നല്‍കുന്ന ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരം മുന്‍ ഗവര്‍ണറും പ്രമുഖ അഭിഭാഷകനും ഗ്രന്ഥകാരനുമായ പി.എസ്. ശ്രീധരന്‍ പിള്ളക്ക് അമിത് ഷാ സമര്‍പ്പിച്ചു.
തുടര്‍ന്ന് അമ്മ നേതൃത്വം നല്‍കുന്ന സത്സംഗവും, ഭജനയും, അമൃത വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളും അരങ്ങേറി. ഇന്ന് രാവിലെ 5ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചത്. 9ന് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ ശ്രീ ഗുരുപാദുകപൂജയും നടന്നു. തുടര്‍ന്ന് അമ്മയുടെ പിറന്നാള്‍ സന്ദേശം, വിശ്വ ശാന്തി പ്രാര്‍ത്ഥന, ഭജന എന്നിവയും നടന്നു വരുന്നു.
11ന് നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, കേന്ദ്രമന്ത്രി കിഞ്ചരാപ്പു രാംമോഹന്‍ നായിഡു, പെട്രോളിയം പ്രകൃതിവാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.





