പത്തനംതിട്ട : ജില്ലയിലെ 4 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുള്ള വാർഡുകളിലേക്ക് നാളെ (28) ഉപതിരഞ്ഞെടുപ്പ് നടക്കും. പോളിങ്ങിനുള്ള അവസാനവട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.
രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങളും പോളിങ് ഉദ്യോഗസ്ഥരുടെ വിന്യാസവും പൂർത്തിയായി.
കുറ്റൂർ പഞ്ചായത്തിലെ ഓതറ, കുന്നന്താനം പഞ്ചായത്തിലെ വള്ളോക്കുന്ന്, റാന്നി പഞ്ചായത്തിലെ ബ്ലോക്കു പടി, അരുവാപ്പുലത്തെ കല്ലേലി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അടൂർ എം എൽ എ സി.വി. ശാന്തകുമാർ വാർഡ് അംഗത്വം രാജിവച്ച ഒഴിവിലാണ് കല്ലേലിയിലെ ഉപ തിരഞ്ഞെടുപ്പ്, മറ്റ് രണ്ടിടത്ത് രണ്ടു അംഗങ്ങൾക്ക് ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലും ഒരിടത്ത് പഞ്ചായത്തംഗം മരിച്ച ഒഴിവിലുമാണ് ഉപ തിരഞ്ഞെടുപ്പ് നടത്തുന്നത്
വോട്ടെണ്ണൽ മറ്റന്നാൾ
പോളിങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും അതത് വിതരണ കേന്ദ്രങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷം ചൊവ്വാഴ്ച (സെപ്റ്റംബർ 29) രാവിലെ വോട്ടെണ്ണൽ നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണൽ ദിനത്തിലും മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മുന്നണികളെ സംബന്ധിച്ചിടത്തോളം നിലവിലെ ഭരണ സമവാക്യങ്ങളിലും പ്രാദേശിക രാഷ്ട്രീയത്തിലും നിർണായക സ്വാധീനം ചെലുത്തുന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം. എല്ലാ വാർഡുകളിലും ശക്തമായ മുന്നണി പോരാട്ടമാണ് നടക്കുന്നത്.





