ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി പത്തനംതിട്ട ജില്ല. റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാറിന്റെ അധ്യക്ഷതയിൽ പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ സുരക്ഷ, ആരോഗ്യസംരക്ഷണം, ഗതാഗതം, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ വിപുലമായ ക്രമീകരണങ്ങൾ വിലയിരുത്തി.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കൺട്രോൾ റൂമുകൾ സജ്ജമാക്കും. പ്രധാന വകുപ്പുകളിലെ നോഡൽ ഓഫീസർമാർ ഇവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. നിലയ്ക്കലിൽ പോലീസിന്റെ കൺട്രോൾ റൂമും ഇന്റഗ്രേറ്റഡ് കൺട്രോൾ റൂമും ഒരുമിച്ചായിരിക്കും പ്രവർത്തിക്കുക.
തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്രത്യേക മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെ 18 സെക്ടറുകളായും പമ്പ, നിലയ്ക്കൽ മേഖലകളെ 15 സെക്ടറുകളായും തിരിച്ച് മോണിറ്ററിംഗ് ഓഫീസർമാരെ നിയോഗിക്കും. വിന്യസിക്കേണ്ട പോലീസ് സേനയും അഗ്നിരക്ഷാ സേനയും പൂർണ സജ്ജമാണ്.
തീർത്ഥാടന പാതകളിലും കാനനപാതയിലുമായി 22 എമർജൻസി മെഡിക്കൽ സെന്ററുകൾ നവംബർ 10-ഓടെ പ്രവർത്തനസജ്ജമാകും. സന്നിധാനത്ത് മൂന്ന് ആംബുലൻസുകളുടെ സേവനമുണ്ടാവും. അതോടൊപ്പം കാനനപാതയിൽ ഓഫ് റോഡ് ആംബുലൻസും ഇത്തവണ ആദ്യമായി സജ്ജമാക്കും.
കരിമല ഡിസ്പെൻസറിയിൽ തീർത്ഥാടനത്തിന്റെ ആദ്യ ദിവസം മുതൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പുമായി നടപടി സ്വീകരിച്ചിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ സമീപത്തെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് 120 സന്നദ്ധപ്രവർത്തകരടങ്ങുന്ന സ്ട്രെച്ചർ സർവീസ് പ്രവർത്തിക്കും.
തീർത്ഥാടനകാലത്ത് ശുചിത്വം ഉറപ്പാക്കുന്നതിന് ശുചിത്വ മിഷന്റെ ‘നിർമ്മലം ശബരിമല’ പദ്ധതിയുടെ ഭാഗമായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കും. പത്തനംതിട്ട ജില്ലയിലെ ശബരിമലയിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിദ്യാർഥികൾ, വിവിധ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ നവംബർ 9-ന് മെഗാ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിക്കും.
ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ 50 ടണ്ണോളം പഴയ മാലിന്യവും സ്ക്രാപ്പും ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. പമ്പയിൽ ഭക്തർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന ശേഖരിച്ച് നീക്കം ചെയ്യും. പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുന്നതിനൊപ്പം മാലിന്യം വേർതിരിച്ച് നിക്ഷേപിക്കാൻ പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക ബിന്നുകളും സ്ഥാപിക്കും. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണവും അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കലും നടത്തും.
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പമ്പ മുതൽ ളാഹ വരെയുള്ള റോഡിൽ ‘സേഫ് സോൺ’ പദ്ധതി നടപ്പാക്കും. 24 മണിക്കൂറും റോഡ് സുരക്ഷാ പട്രോളിംഗും മൊബൈൽ വർക്ക്ഷോപ്പ് സൗകര്യവും ഇതിന്റെ ഭാഗമായി ലഭ്യമാക്കും. കെഎസ്ആർടിസി ബസുകളുടെ സുരക്ഷാ ഓഡിറ്റും ട്രാക്ടറുകളുടെ പരിശോധനയും ഡ്രൈവർമാർക്കുള്ള പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്.
ക്യൂവിൽ കാത്തുനിൽക്കുന്ന തീർത്ഥാടകർക്ക് ആദ്യ ദിവസം മുതൽ കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യും. ഡോളി സേവനത്തിന് ഏകീകൃത നിരക്ക് ഉറപ്പാക്കുന്നതിനായി പ്രീപെയ്ഡ് കൗണ്ടർ സംവിധാനം ഏർപ്പെടുത്തും. ഇതിന്റെ രജിസ്ട്രേഷൻ നവംബർ 12-നകം പൂർത്തിയാക്കും. പമ്പയിലും സന്നിധാനത്തുമുള്ള ശൗചാലയങ്ങൾ തീർത്ഥാടകർക്ക് ഇത്തവണ സൗജന്യമായി ഉപയോഗിക്കാനാകും.
തീർത്ഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണവും സാധനങ്ങളും നിശ്ചിത നിരക്കിൽ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിശ്ചിത വിലവിവരങ്ങൾ ഔദ്യോഗിക പോർട്ടലിൽ പ്രസിദ്ധീകരിക്കും. ലീഗൽ മെട്രോളജി, റവന്യൂ, ആരോഗ്യം, സാനിറ്റേഷൻ സൊസൈറ്റി എന്നിവയുടെ സംയുക്ത സ്ക്വാഡുകൾ വിലനിലവാരവും ശുചിത്വവും പരിശോധിക്കും.
സന്നിധാനത്ത് അപ്പം, അരവണ എന്നിവയുടെ വിതരണം തടസ്സമില്ലാതെ നടത്തുന്നതിന് ദേവസ്വം ബോർഡ് ഉൽപ്പാദനശേഷി വർധിപ്പിക്കുകയും ആവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പ്രത്യേക എമർജൻസി ഓപ്പറേഷൻസ് ഓഫീസറെയും പമ്പയിൽ നിയോഗിച്ചിട്ടുണ്ട്.





