പത്തനംതിട്ട : ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഏറ്റവും കൂടുതൽ അയ്യപ്പഭക്തർ ആശ്രയിക്കുന്ന പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങൾ പോലും ഒരുക്കാത്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. മുൻവർഷങ്ങളിലെ തീർത്ഥാടന കാലയളവിൽ നിരവധി അപകടങ്ങളും ജീവഹാനിയും സംഭവിച്ച ഈ പാതയിൽ, തകർന്ന സുരക്ഷാ സംവിധാനങ്ങൾ ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല.
പുനലൂർ മുതൽ കോന്നി വരെയും, കോന്നി മുതൽ പ്ലാച്ചേരി വരെയും, പ്ലാച്ചേരി മുതൽ പൊൻകുന്നം വരെയുമുള്ള മൂന്ന് റീച്ചുകളിലായാണ് പാത കടന്നുപോകുന്നത്. ഇതിൽ കോന്നി റീച്ചിലെ മല്ലശ്ശേരിമുക്ക്, കുമ്പഴ, മണ്ണാറക്കുളഞ്ഞി എന്നിവിടങ്ങളിലെ അപകടകരമായ വളവുകളിൽ സ്ഥാപിച്ചിരുന്ന സ്റ്റമ്പുകൾ വാഹനങ്ങൾ ഇടിച്ചുതകർന്ന നിലയിലാണ്.
പാതയുടെ പല ഭാഗങ്ങളിലും അപകടങ്ങളിൽ തകർന്ന ക്രാഷ് ബാരിയറുകളും മുന്നറിയിപ്പ് സൂചനാ ബോർഡുകളും അധികൃതർ ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഭൂപ്രകൃതി അറിയാതെ ഇതുവഴി എത്തുമ്പോൾ, കൃത്യമായ സൂചനാ ബോർഡുകളുടെയും റോഡ് മാർക്കിംഗുകളുടെയും അഭാവം വലിയ അപകടങ്ങൾക്ക് വഴിവെക്കും.
പാതയിലെ സ്ഥിരം അപകടമേഖലകളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ദീർഘകാല ആവശ്യം ഇപ്പോഴും കടലാസിൽ ഒതുങ്ങുകയാണ്. മണ്ഡലകാല തിരക്ക് ആരംഭിക്കുന്നതിന് മുൻപ് അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.





