ന്യൂഡൽഹി : ഒൻപത് വർഷമായി നീളുന്ന ശമ്പള പരിഷ്കരണ തർക്കത്തിൽ കേന്ദ്രസർക്കാരിനെതിരെ പോരാട്ടം കടുപ്പിച്ച് ബിഎസ്എൻഎൽ ജീവനക്കാർ. ന്യായമായ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും ഓഫീസർമാരും നാളെ രാജ്യവ്യാപകമായി ഏകദിന പണിമുടക്ക് നടത്തും.
2017 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരേണ്ട മൂന്നാം ശമ്പള പരിഷ്കരണമാണ് ഇതുവരെ നടപ്പാക്കാത്തത്. എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് വിഭാഗങ്ങളിലെ ജീവനക്കാർക്ക് പരിഷ്കരണത്തിന്റെ ആനുകൂല്യം നൽകണമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം.
ബിഎസ്എൻഎല്ലിന്റെ സാമ്പത്തിക നഷ്ടവും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ‘അഫോർഡബിലിറ്റി ക്ലോസ്’ വ്യവസ്ഥയുമാണ് ശമ്പള പരിഷ്കരണം തടസ്സപ്പെടാൻ കാരണമായി ഔദ്യോഗികമായി ചൂണ്ടിക്കാണിക്കുന്നത്. ഈ വ്യവസ്ഥയിൽ ഇളവ് നൽകാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. എന്നാൽ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ല.
നവംബർ 11ന് തൊഴിലാളി സംഘടനാ നേതാക്കൾ ടെലികോം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ശമ്പള പരിഷ്കരണത്തിന് പച്ചക്കൊടി ലഭിച്ചില്ല. ഇനിയും കാത്തിരിക്കണമെന്ന നിലപാടാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സംഘടനകൾ ആരോപിക്കുന്നു. മൂന്നാം ശമ്പള പരിഷ്കരണത്തിന്റെ കാലാവധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നത്.
ബിഎസ്എൻഎൽ ജീവനക്കാരുടെ 15 യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത കൂട്ടായ്മയായ ഓൾ യൂണിയൻസ് ആൻഡ് അസോസിയേഷൻസ് ഓഫ് ബിഎസ്എൻഎൽ (AUAB) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണാനുകൂല സംഘടനയായ ബിഎംഎസ് സമരത്തിൽ പങ്കെടുക്കുന്നില്ല.





