ആലപ്പുഴ : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചേർത്തല പട്ടണക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന കവർച്ചാ കേസിൽ അന്തർസംസ്ഥാന മോഷ്ടാക്കളെ പിടികൂടി. അസം നാഗോൺ ജില്ലയിൽ നിന്നുള്ള സുഹൈൽ അലി (19), ടിൻസുകിയ ജില്ലയിലെ ദും ദുമ ഗാവോൻ സ്വദേശി അസൽ അലി (30) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നായാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 27ന് പുലർച്ചെയാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊട്ടിച്ച് 30,000 ത്തോളം രൂപ കവർന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ സമാന രീതിയിലുള്ള കവർച്ചകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് കണ്ടെത്തിയത്.
ചേർത്തല ഡിവൈഎസ്പി മഞ്ജുലാൽ എസിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ പട്ടണക്കാട് സബ് ഇൻസ്പെക്ടർമാരായ ഡൊമിനിക് മാത്യു, രതീഷ് പി, ലതീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീവ് എസ്, അരുൺകുമാർ എം, നിധിൻ എം പി, റഷോബ്, രാജിത്ത് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ ഏറെ കോളിളക്കം സൃഷ്ടിച്ച പൊന്നാംവെളി സൗമ്യ ജ്വല്ലറി കവർച്ചാ കേസിലെ പ്രതികളെ പിടികൂടിയ അതേ അന്വേഷണ സംഘം തന്നെയാണ് ക്ഷേത്ര കവർച്ചാ കേസിലും പ്രതികളെ അതിവേഗം വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





