തിരുവല്ല : തിരുവല്ല മാർത്തോമ്മാ കോളേജ് ബിരുദാനന്തര ഗവേഷണ ഇംഗ്ലീഷ് വിഭാഗത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല തുടക്കം. ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരം ലോക്‌സഭാംഗം ഡോ. ശശി തരൂർ നിർവഹിച്ചു. ഭദ്രദീപം തെളിയിച്ച് വജ്രജൂബിലി സ്മാരക ശിലാഫലകം അനാച്ഛാദനം ചെയ്തതോടെ ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായി.
റവ. കെ.എസ്. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സൂസൻ തോമസ് സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി ആമുഖപ്രഭാഷണം നടത്തി. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആവിഷ്കരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിച്ചു. പദ്ധതികൾക്കായുള്ള പ്രഥമ സംഭാവന മാത്യൂസ് ടി. മാത്യൂസ് മുൻ പ്രിൻസിപ്പൽ പ്രൊഫ എൻ എം മാത്യുവിന് കൈമാറി. ഇംഗ്ലീഷ് വിഭാഗത്തിന്റെ അക്കാദമിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഇന്റർഡിസിപ്ലിനറി ജേണലിന്റെ പ്രകാശനം അഡ്വ. വർഗീസ് മാമ്മൻ നിർവഹിച്ചു.
അഡ്വ. അബിൻ വർക്കി കോടിയാട്ട് എം.എൽ.എ. വജ്രജുബിലീ ലോഗോ പ്രകാശനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ. ബാബു സഖറിയ, കോളേജ് ട്രഷറർ തോമസ് കോശി, തിരുവല്ല നഗരസഭാ വാർഡ് കൗൺസിലർ ലാലി ജോൺ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരങ്ങളും സമർപ്പിച്ചു. വജ്രജൂബിലി ആഘോഷ കമ്മിറ്റി കൺവീനർ ഡോ. ടീന ടി. എലിസബത്ത് നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടന സമ്മേളനത്തിനു പിന്നാലെ പന്തളം എൻ.എസ്.എസ്. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും മാർത്തോമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം പൂർവ്വവിദ്യാർത്ഥിയും കവിയുമായ ഡോ. ശംഭു രാമചന്ദ്രൻ ഡോ. ശശി തരൂരുമായി നടത്തിയ സംവാദം വിജ്ഞാനപ്രദവും ആകർഷകവുമായി.





