ശബരിമല: വൃത്തിയും വെടിപ്പുമാണ് ഈ മണ്ഡലമകരമഹോത്സവ മാസക്കാലത്ത് ശബരിമലയിലെ പ്രധാന കാഴ്ച. നിരവധി വർഷങ്ങളായി അയ്യപ്പ സന്നിധിയിലെത്തുന്ന തീർത്ഥാടകരും ഇത് സമ്മതിക്കുന്നു. കാര്യമായ മാലിന്യം എവിടെയും കാണാനില്ല. ശുചിമുറികൾ എല്ലാം അപ്പപ്പോൾ തന്നെ വൃത്തിയാക്കുന്നു.
പൊതുവിൽ വൃത്തിയുള്ള അന്തരീക്ഷമാണ്. നല്ല മാറ്റം, 37 വർഷങ്ങളായി മല ചവിട്ടുന്ന മാവേലിക്കര സ്വദേശി ജി. പീതാംബരൻ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ജയ്ക്കും അതേ അഭിപ്രായം. “വൃത്തി പ്രധാനമാണെല്ലോ. അതിൽ മികച്ച മുന്നേറ്റമുണ്ടായത് ആഹ്ലാദകരമാണ്,” 9 വർഷമായി ശബരിമലയിൽ എത്തുന്ന കരൂർ സ്വദേശിയായ സഞ്ജയ് കൂട്ടിച്ചേർത്തു.
ശുചീകരണ തൊഴിലാളികളുടെയും മേൽനോട്ടക്കാരുടെയും എണ്ണം കൂട്ടിയതാണ് വൃത്തിയുള്ള സന്നിധാനവും പരിസരവും യാഥാർഥ്യമാകാനുള്ള പ്രധാന കാരണമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി.എസ് ശാന്തകുമാർ പറഞ്ഞു. ദേവസ്വം മരാമത്തിന് കീഴിൽ 25 സാനിറ്റേഷൻ സൂപ്പർവൈസർമാരെ നിയമിച്ചിട്ടുണ്ട്. ശുചീകരണം കാലതാമസമില്ലാതെ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലകാലം തുടങ്ങുന്നതിന് ഒരു മാസം മുൻപേ നടത്തിയ ശുചീകരണ ഡ്രൈവ് ശുചിത്വപൂർണമായ ശബരിമല ഉറപ്പാക്കുന്നതിൽ നിർണായകമായി. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലായി 200 തൊഴിലാളികൾ ചേർന്ന് നടത്തിയ ഡ്രൈവിൽ ഒന്നേകാൽ ടൺ മാലിന്യമാണ് നീക്കം ചെയ്തത്. ശുചിമുറികൾ വൃത്തിയാക്കുന്ന പ്രവൃത്തിയ്ക്ക് മാത്രം 150 തൊഴിലാളികളെ നിയോഗിച്ചു.
താഴെ തിരുമുറ്റം വൃത്തിയാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ യന്ത്രം (റൈഡ്-ഓൺ ഫ്ലോർ സ്ക്രബ്ബർ ബഗ്ഗി) കൊണ്ടുവന്നു. ശുചിമുറി വൃത്തിയാക്കുന്ന പ്രവൃത്തി സ്വകാര്യ ഏജൻസിയ്ക്ക് കൈമാറിയതോടെ പ്രൊഫഷണലിസം കൈവരിച്ചു. യൂണിഫോം ധരിച്ച തൊഴിലാളികൾ ഒരു സ്വകാര്യ തൊഴിലിടം എന്നപോലെ വേഗത്തിലും കാര്യക്ഷമമായും ജോലി ചെയ്യുന്ന പുതിയ അന്തരീക്ഷം സംജാതമായി.
വൃത്തിഹീനമായ അന്തരീക്ഷമോ ദുർഗന്ധമോ അപൂർവമായി. ദേവസ്വവും വിവിധ വകുപ്പുകളും തമ്മിലുള്ള മികച്ച ഏകോപനവും കാര്യങ്ങൾ എളുപ്പമാക്കി. മണ്ഡലപൂജയ്ക്ക് ശേഷം അടുത്ത മാസം രണ്ട് ദിവസം നട അടയ്ക്കുന്ന വേളയിൽ വലിയ രീതിയിൽ ശുചീകരണത്തിന്റെ അടുത്ത ഘട്ടം നടത്താനാണ് ആലോചന.





