പത്തനംതിട്ട : ജില്ലയില്‍ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മണികണ്ഠന് അറിയിച്ചു . വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം.
പാത്രങ്ങള്‍, ഫ്രിഡ്ജിനു പിറകിലെ ട്രേ, ചിരട്ടകള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ വച്ചിരിക്കുന്ന ട്രേകള്‍, ടാര്‍പോളിന്‍ ഷീറ്റുകള്‍, മുട്ടത്തോടുകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങളുടെ വക്കുള്പ്പെടെ ആഴ്ചയിലൊരിക്കല്‍ കഴുകി വൃത്തിയാക്കി വീണ്ടും വെള്ളം നിറയ്ക്കാന്‍ ശ്രദ്ധിക്കണം. പാത്രങ്ങള്‍ കൊതുക് കടക്കാത്ത വിധം അടച്ചു വയ്ക്കണം.
നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ടെറസ്, ബേസ്മെന്റ്, കോണ്‍ക്രീറ്റ് സ്ലാബുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ ഒഴുക്കിക്കളയണം. ഉപയോഗശൂന്യമായ വസ്തുക്കള്‍ വലിച്ചെറിയാതെ കൃത്യമായി സംസ്കരിക്കുക.തോട്ടം മേഖലകളിലും ഡെങ്കിപ്പനി പടരാനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത വേണം. റബ്ബര്‍ പാല് ശേഖരിക്കുന്ന ചിരട്ടകള്‍ കമിഴ്ത്തി വയ്ക്കുകയും ടാപ്പിംഗ് ഇല്ലാത്ത സമയങ്ങളില്‍ അവയില്‍ വെള്ളം നില്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. തോട്ടം മേഖലകളില്‍ പണിക്ക് പോകുന്നവര്‍ കൈകാലുകള്‍ നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുകയും വേണം.
കടുത്ത പനി, കഠിനമായ തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, സന്ധികളിലും പേശികളിലും അസഹ്യമായ വേദന, ദേഹത്ത് ചുവന്ന തടിപ്പുകള്‍ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയിലെത്തി ചികിത്സ തേടണം. ഇടവിട്ടുള്ള മഴ കൊതുക് പെരുകാനുള്ള സാഹചര്യം ഒരുക്കുമെന്നതിനാല്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിർദേശിച്ചു.





