തിരുവനന്തപുരം: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് മത്സ്യബന്ധന ബോട്ടുകളിലുണ്ടായിരുന്ന 23 മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റും ലൈഫ് ഗാർഡുകളും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി നടന്ന രണ്ട് വ്യത്യസ്ത രക്ഷാദൗത്യങ്ങളിലൂടെയാണ് തൊഴിലാളികളെ കരയ്ക്കെത്തിച്ചത്.
വ്യാഴാഴ്ച രാത്രി വിഴിഞ്ഞം തീരത്തുനിന്ന് 18 മൈൽ ഉള്ളിൽ വെച്ചായിരുന്നു ആദ്യ സംഭവം. മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാറിലായി കടലിൽ ഒഴുകിനടന്ന കൊല്ലം ശക്തികുളങ്ങര സ്വദേശി ജോർജ് സെറിലിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലെ 11 മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച രാവിലെ വിഴിഞ്ഞം തീരത്തുനിന്ന് രണ്ട് മൈൽ അകലെയുണ്ടായ രണ്ടാമത്തെ സംഭവത്തിൽ 12 തൊഴിലാളികളെയാണ് രക്ഷിച്ചത്. കൊല്ലം ശക്തികുളങ്ങര സ്വദേശി വിൽസൺ വിൻസെന്റിന്റെ ‘ബെഥേൽ’ എന്ന ബോട്ടാണ് എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയത്. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ തൊഴിലാളികളെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു.





