കോട്ടയം : കേരളത്തിൽ യുഐഡിഎഐ നേരിട്ട് നടത്തുന്ന ആധാർ സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ യുഐഡിഎഐ നേരിട്ട് നടത്തുന്ന ആധാർ സേവാ കേന്ദ്രങ്ങളുടെ എണ്ണം ഇതോടെ അഞ്ചായി. വിവിധ ജില്ലകളിലായി ഒൻപത് കേന്ദ്രങ്ങൾ കൂടി വരും ദിവസങ്ങളിൽ പ്രവർത്തനമാരംഭിക്കും
എട്ട് കൗണ്ടറുകളുള്ള കോട്ടയം ആധാർ സേവാ കേന്ദ്രം പൊതു അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസങ്ങളിലും പ്രവർത്തിക്കും. ആധാർ എൻറോൾമെന്റ്, ജനസംഖ്യാപരമായ വിവരങ്ങളുടെയും ബയോമെട്രിക് വിവരങ്ങളുടെയും പുതുക്കൽ, പരാതിപരിഹാരം തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭിക്കും. ആധാർ നമ്പർ ഉടമകളുടെ പരാതികൾ സ്വീകരിച്ച് പരിഹരിക്കുന്നതിനായി യുഐഡിഎഐയുടെ റീജിയണൽ ഓഫീസിലേക്ക് കൈമാറുകയും ചെയ്യും.
വീൽചെയർ സൗകര്യം, ശുചിമുറികൾ, പരാതിപരിഹാരത്തിനുള്ള പ്രത്യേക സംവിധാനം എന്നിവ കേന്ദ്രത്തിലുണ്ട്. ആധാർ സേവനങ്ങൾക്കായി [https://bookappointment.uidai.gov.in/]) എന്ന യുഐഡിഎഐ അപ്പോയിന്റ്മെന്റ് പോർട്ടലിലൂടെ മുൻകൂട്ടി സമയം ബുക്ക് ചെയ്യാം.





