തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില് 50 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലും യെല്ലോ അലര്ട്ടാണ്. ഉരുള്പൊട്ടല്, മണ്ണിടിച്ചില്, മലവെള്ളപ്പാച്ചില് സാധ്യതയുള്ള പ്രദേശങ്ങളില് താമസിക്കുന്നവര് അധികൃതരുടെ നിര്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം തെക്കുകിഴക്കന് അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപിനും മുകളിലായി സമുദ്രനിരപ്പില് നിന്ന് 1.5 മുതല് 4.5 കിലോമീറ്റര് വരെ ഉയരത്തില് ഉയര്ന്ന ചക്രവാതചുഴി നിലനില്ക്കുന്നു. തെക്കന് തമിഴ്നാട് തീരത്തിന് മുകളില് മറ്റൊരു ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു.





