തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയ പ്രചാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാര്‍ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പരമ ദരിദ്രര്‍ നാല് ലക്ഷം ഉണ്ടെന്നാണ് പറഞ്ഞത്. പദ്ധതിയില്‍ അത് 64000 ആയിമാറി, പരമ ദരിദ്രരും അതീവ ദരിദ്രരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അതി ദരിദ്രര്‍ ഇല്ലെന്നത് രാഷ്ട്രീയ പ്രചാരണമാണ്. അവര്‍ക്ക് സര്‍ക്കാര്‍ നീതി നല്‍കുന്നില്ല. രേഖകള്‍ പോലുമില്ലാത്ത അഗതികളായവര്‍ കേരളത്തില്‍ ഒന്നര ലക്ഷം പേരുണ്ടായിരുന്നു. അവരെ കുറിച്ച് പട്ടികയില്‍ പരാമര്‍ശമില്ല. ഇത്തരം പട്ടികകള്‍ തയ്യാറേണ്ടത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഒരു നേരത്തെ ആഹാരം പോലും കിട്ടാത്തവര്‍ ഇപ്പോഴുമുണ്ട്’; അതിദാരിദ്ര്യ രഹിത അവകാശ വാദത്തെ തള്ളി ആദിവാസി സംഘടനകള്‍
കേരളത്തിലെ പട്ടിക ജാതി – പട്ടിക വര്‍ഗ കുടുംബങ്ങളുടെ കണക്കില്‍ ഉള്‍പ്പെടെ അവ്യക്തതയുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം 1.16 ലക്ഷം കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികളുണ്ട് കേരളത്തില്‍. സര്‍ക്കാരിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് വെറും 6400 പേരാണുള്ളത്. ബാക്കിയുള്ളവര്‍ എവിടെ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഒരു ലക്ഷത്തിപതിനായിരം വരുന്ന ആദിവാസികള്‍ സുരക്ഷിതമാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒരു മാനദണ്ഡവും ഇല്ലാതെ സര്‍ക്കാര്‍ ഒരു പട്ടിക ഉണ്ടാക്കുന്നു. ആ പട്ടിക ശരിയെന്ന് പറയുന്നു.
ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തിയത് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനം മലയാളികളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കി ഉയര്‍ത്തും എന്ന് പ്രകടന പത്രികയില്‍ പറഞ്ഞവര്‍ നാലര വര്‍ഷം നടപടി എടുത്തില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ 2000 രൂപയാക്കി പ്രഖ്യാപനം നടത്തി ആഘോഷം നടത്തുകയാണ്.
കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് കേരളം അതീവ ദരിദ്രരില്ലാത്ത സംസ്ഥാനം എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍മാറണം. കേരളത്തില്‍ അതീവ ദരിദ്രരും പരമ ദരിദ്രരും ഉണ്ട്. മാനദണ്ഡങ്ങള്‍ വിദ്ധമായാണ് പ്രഖ്യാപനം. ഈ പട്ടിക തെറ്റാണ് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്.
പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പില്ല. ഇപ്പോള്‍ പറയുന്ന കണക്കിനെയാണ് വിമര്‍ശിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എഎവൈ എന്നത് ദരിദ്രരില്‍ ദരിദ്രര്‍ എന്ന വിഭാഗത്തിനാണ്. 595000 പേരുണ്ടെന്ന കണക്കിലാണ് അവര്‍ക്ക് അരിയും ഗോതമ്പും സൗജന്യമായി നല്‍കുന്നത്. ഇവര്‍ക്ക് വേണ്ട വൈദ്യസഹായം ഉള്‍പ്പെടെ സര്‍ക്കാര്‍ ചെയ്യുന്നുണ്ടോ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.




 
                                    

