മുംബൈ : അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു.’അസിനി’ എന്ന ഇറാനിയൻ മത്സ്യബന്ധന കപ്പലിലെ 20 ജീവനക്കാരെയും മോചിപ്പിച്ചു .48 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് നാവികസേന കപ്പൽ മോചിപ്പിച്ചത്. സംഭവത്തിൽ ആളപായമോ ആർക്കും പരിക്കോ ഇല്ല.
ഒക്ടോബർ 29നാണ് വടക്കുകിഴക്കൻ സൊമാലിയയിലെ ബന്ദർ ബെയ്‌ല, ഹഫൂൺ തീരദേശ പട്ടണങ്ങൾക്കിടയിൽവച്ച് അസിനി കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. മുംബൈ തീരത്തുനിന്ന് 3000 കിലോമീറ്റർ അകലെ വ്യോമസേനയുടെ സഹായത്തോടെയായിരുന്നു നാവികസേനയുടെ രക്ഷാദൗത്യം.ദൗത്യത്തിന് പിന്തുണയായി P-8I സമുദ്ര നിരീക്ഷണ വിമാനം, MQ-9 പ്ലാറ്റ്‌ഫോമുകൾ എന്നിവ സജ്ജമാക്കിയിരുന്നു.
വ്യോമസേനയുടെ C-17 വിമാനത്തിൽ നിന്ന് പാരഡ്രോപ്പ് വഴി മറൈൻ കമാൻഡോകളെ എത്തിച്ചു. തുടർന്ന് കടൽക്കൊള്ളക്കാരെ കീഴടക്കി കപ്പൽ പൂർണ നിയന്ത്രണത്തിലാക്കുകയായിരുന്നു.പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നാവികസേനയുടെ ദൗത്യത്തെ അഭിനന്ദിച്ചു.





