ചെന്നൈ : കരൂരിൽ വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ടിവികെ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍, കരൂര്‍ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് .
സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി.തമിഴ്‌നാട് മുഖ്യമന്ത്രിയുമായും ഗവർണറുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു.മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സംഭവ സ്ഥലം സന്ദർശിച്ചു.
ദുരന്തത്തിൽ പൊലീസിന്റെയും ടിവികെയുെടയും ഭാഗത്ത് വീഴ്ചകളുണ്ടായതായി ആക്ഷേപം ഉയരുന്നുണ്ട്. റാലിയുടെ സമയത്ത് കറന്റ് പോയതായി പറയുന്നു. പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടിക്കാണ് അനുമതി ചോദിച്ചിരുന്നതെങ്കിലും ഒന്നരലക്ഷത്തോളം പേരാണ് എത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.അതേസമയം,ഇടുങ്ങിയ സ്ഥലത്ത് പരിപാടി നടത്താൻ പോലീസ് നിർബന്ധിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ടിവികെ പ്രവർത്തകർ ആരോപിക്കുന്നു. തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും അടക്കം 39 പേരാണ് മരിച്ചത്.