പത്തനംതിട്ട : മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നവംബർ 2-ന് രാവിലെ 11-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അബിൻ വർക്കി എം.എൽ.എ നിർവ്വഹിക്കും.
ജില്ലാ ഭരണകൂടം, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ സാക്ഷരതാ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനമ്മ റോയി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ നിസാമുദ്ദീൻ എ.ആമുഖ പ്രഭാഷണം നടത്തും. എ.ഡി.എം.ആർ. രാജലക്ഷ്മി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ഭരണഭാഷാ പുരസ്കാര ജേതാവിനെ ആദരിക്കും. സാഹിത്യകാരനും ഗ്രന്ഥകാരനുമായ ഉണ്ണികൃഷ്ണൻ പൂഴിക്കാട് മലയാളദിന സന്ദേശം നൽകും.ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.കെ. ജയകുമാർ, ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ,ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ് എന്നിവർ പ്രസംഗിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം ഉച്ചയ്ക്ക് രണ്ട് മണിമുതൽ ഗവി കോൺഫ്രൻസ് ഹാളിൽ സാഹിത്യരചന മൽസരങ്ങൾ നടക്കും.
ഭരണഭാഷയായി മലയാളത്തിന്റെ ഉപയോഗം കൂടുതൽ വ്യാപകമാക്കുക, സർക്കാർ ഓഫീസുകളിലെ ഔദ്യോഗിക നടപടികളിലും ആശയവിനിമയത്തിലും മലയാളത്തിന്റെ പ്രാധാന്യം ഉറപ്പാക്കുക, ഭരണനിർവഹണം ജനകീയവും ജനസൗഹൃദവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നത്.
സർക്കാർ ഓഫീസുകളിൽ മലയാളഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജീവനക്കാരിൽ ഭരണഭാഷാ അവബോധം വളർത്തുന്നതിനും പൊതുജനങ്ങൾക്ക് ഭരണകാര്യങ്ങൾ മാതൃഭാഷയിൽ കൂടുതൽ സുഗമമായി മനസ്സിലാക്കാനും ഇടപെടാനും അവസരമൊരുക്കുന്നതിനും വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.





