ശബരിമല: രണ്ടാഴ്ചയ്ക്കിടെ സത്രം വഴിയുള്ള കാനനപാതയിലൂടെ ശബരിമലയിലെത്തിയത് 20,928 തീർത്ഥാടകർ. ഇവരിൽ 18,686 പേർ പുരുഷന്മാരും 269 പേർ സ്ത്രീകളുമാണ്.കന്നി അയ്യപ്പന്മാരും മാളികപ്പുറങ്ങളും ഉൾപ്പടെ 1,973 കുട്ടികളും കാനനപാതയിലൂടെ മലകയറി.
നവംബർ 17-ന് 745 തീർത്ഥാടകരുമായി ആരംഭിച്ച തീർത്ഥാടനം തുടർന്നുള്ള ദിവസങ്ങളിൽ ക്രമേണ വർധിച്ചു. നവംബർ 18ന് 399 പേരും 19ന് 493 പേരും 20ന് 1,361 പേരുമാണ് എത്തിയത്. നവംബർ 21-ന് തീർത്ഥാടകരുടെ എണ്ണം 2,199 ആയി ഉയർന്നു. തുടർന്ന് കാനനപാതയിലൂടെയുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെന്നും 8903 തീർത്ഥാടകർ അതിനുശേഷം സത്രം വഴി മലകയറിഎന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
സത്രത്തിൽ തീർഥാടകർക്കായി സ്പോട്ട്ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട് . വണ്ടിപ്പെരിയാറിലെ വാളാർഡി എസ്റ്റേറ്റിനു സമീപം പാർക്കിംഗിനും വിരി വെക്കുന്നതിനുമുള്ള സൗകര്യങ്ങളും ഡോക്റ്റർമാരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. കാനന പാതയിലും ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യവും ലഘു ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.
രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സത്രം വഴി ശബരിമലയിലേക്ക് ഭക്തരെ കടത്തിവിടുന്നത്





