കൊച്ചി : സിഎംആർഎൽ–എക്സാലോജിക് കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ പിണറായി വിജയനടക്കമുള്ളവരുടെ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ തീർപ്പാകുന്നതു വരെ സ്റ്റേ അനുവദിക്കണമെന്നുമായിരുന്നു പിണറായി വിജയൻ, മകൾ ടി.വീണ, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരുടെ അപ്പീൽ .തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്.
അന്വേഷണത്തിനിടെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധപ്പെട്ട അധികൃതര്ക്ക് വിവരം നൽകിയതെന്നും അതിനനുസരിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ഇ ഡി വാദിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്തതിനെ ചോദ്യം ചെയ്യാനുള്ള അവകാശം ഹർജിക്കാർക്കുണ്ടെന്നും എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഹർജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് അപ്പീലിന് അനുമതി നിഷേധിച്ചത് .





