തിരുവനന്തപുരം : അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്തിന്റെയും അടിസ്ഥാനത്തിലാണു നിർദേശം.
ദീപാവലി ആഘോഷങ്ങൾക്കു രാത്രി എട്ടു മുതൽ പത്തു വരെയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കു രാത്രി 11.55 മുതൽ 12.30 വരെയും മാത്രമായി പടക്കം പൊട്ടിക്കാൻ സമയം പരിമിതപ്പെടുത്തിയാണ് ട്രിബ്യൂണലിന്റെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു.