ആലപ്പുഴ: സാധാരണക്കാര്‍ക്ക് കുറഞ്ഞനിരക്കില്‍ ആധുനിക ചികില്‍സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച റേഡിയോളജി യൂണിറ്റില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ സൗജന്യനിരക്കില്‍ എംആര്‍ഐ, സിറ്റി സ്‌കാനുകള്‍ ചെയ്തത് 3600 ലധികം പേര്‍.
എംആര്‍ഐ സ്‌കാന്‍ ചെയ്ത 450 പേര്‍ക്ക് മാത്രം 15.75 ലക്ഷം രൂപയുടെയും സി ടി സ്‌കാന്‍ ചെയ്ത 3150 രോഗികള്‍ക്ക് 53.5 ലക്ഷം രൂപയുടെയും ആനുകൂല്യമാണ് ഇവിടെ നിന്ന് ലഭിച്ചത്. സ്വകാര്യ സ്‌കാന്‍ സെന്ററുകളില്‍ 6000 രൂപക്ക് ചെയ്യുന്ന എംആര്‍ഐ സ്‌കാന്‍ 2500 രൂപക്കും 3000 രൂപ വരുന്ന സി ടി സ്‌കാന്‍ 1300 രൂപക്കുമാണ് ഇവിടെ ചെയ്യുന്നത്.
കഴിഞ്ഞ ഏഴ് മാസത്തിനിടെ 32000ത്തിലധികം എക്സ് റേയും ഇവിടെ നിന്ന് 100 രൂപ സൗജന്യ നിരക്കില്‍ രോഗികള്‍ക്ക് ലഭ്യമാക്കി. 117 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ ഒപി ബ്ലോക്കില്‍ 20 കോടി രൂപ ചെലവഴിച്ചാണ് പുതിയ റേഡിയോളജി യൂണിറ്റില്‍ സംസ്ഥാനസര്‍ക്കാര്‍ അത്യാധുനിക രോഗനിര്‍ണയ സംവിധാനങ്ങള്‍ സ്ഥാപിച്ചത്.
സ്വകാര്യ സ്ഥാപനങ്ങളില്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലുമധികം ചികിത്സാ ചെലവ് വരുന്ന എംആര്‍ഐ, സി ടി സ്‌കാന്‍, മറ്റ് റോഡിയോളജി പരിശോധനകള്‍ എന്നിവ സര്‍ക്കാര്‍ നിശ്ചയിച്ച യൂസര്‍ ഫീ മാത്രം വാങ്ങിയാണ് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. അതിദരിദ്ര വിഭാഗത്തില്‍പെടുന്ന രോഗികള്‍ക്ക് ഈ ചികില്‍സകളൊല്ലാം സൗജന്യമായാണ് നല്‍കുന്നത്.