തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്പത്തിക വർഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 വരെയാണ് പീക്ക് ടൈമായി കണക്കാക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 5,300 മെഗാവാട്ട് ആയിരുന്നു.
വൈദ്യുത വാഹന ചാർജിംഗും എയർ കണ്ടീഷനിംഗ് ഉപയോഗവും വർധനവിന്റെ പ്രധാന കാരണങ്ങളാണ്. പീക്ക് ഡിമാൻഡ് വർധനവിന്റെ 60 ശതമാനം പ്രതീക്ഷിക്കുന്നത് പ്രസ്തുത മേഖലയിൽ നിന്നാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഈ വെല്ലുവിളികളെ നേരിടാൻ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ (BESS), പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ (PSP) എന്നിവയുടെ വലിയ തോതിലുള്ള വിന്യാസം ആവശ്യമാണെന്ന് പഠനം ശുപാർശ ചെയ്തു. എനർജി മാനേജ്മെന്റ് സെന്റർ നടത്തിയ പഠനറിപ്പോർട്ട് ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാലിന് കൈമാറി.
പുനരുപയോഗ ഊർജ വിന്യാസത്തിലും ഇലക്ട്രിക് വാഹന (EV) സ്വീകാര്യതയിലും കേരളം അതിവേഗ വളർച്ച കൈവരിക്കുന്നതിനാൽ പീക്ക് പവർ ഡിമാൻഡ് ഗണ്യമായി വർദ്ധിച്ചതായി പഠനം വ്യക്തമാക്കുന്നു. ബാറ്ററി സംഭരണം ചെലവ് കുറഞ്ഞതും സാധ്യമായതുമായ ഒരു പരിഹാരമായി നിലവിൽ മാറിയിട്ടുണ്ട്. നിലവിലെ കേരളത്തിന്റെ പീക്ക് ഡിമാൻഡ് അനുസരിച്ച് 7 GWh ൽ കൂടുതൽ ഊർജ സംഭരണ ശേഷി സംസ്ഥാനത്തുണ്ടാകണം. ബാറ്ററി ചെലവ് കുറയുന്നതും പ്രാദേശികമായി പ്രയോജനപ്പെടുത്താവുന്നതും ഇതിന് അനുകൂല ഘടകങ്ങളാണ്. കേരളത്തിലെ നിലവിലുള്ള വൈദ്യുതി സംഭരണ സംവിധാനങ്ങളിൽ സൗരോർജം ഉപയോഗിക്കുന്നത് കൂടുതൽ ചെലവ് കുറയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ശരിയായ സംഭരണ സാങ്കേതികവിദ്യ തിരഞ്ഞെടുക്കൽ, സംഭരണ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതനമായ നയങ്ങൾ, സംരംഭങ്ങൾ എന്നിവ റിപ്പോർട്ടിലെ പ്രധാന ശുപാർശകളാണ്.
കേരളത്തിന്റെ ഊർജ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ ഊർജ സംഭരണ പരിഹാരങ്ങളിൽ സംസ്ഥാനത്തെ മാതൃകയാക്കി മാറ്റുന്നതിനുള്ള ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ പഠനം നടത്തിയത്.