ശബരിമല: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആവശ്യമായിട്ടുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ വനം വകുപ്പിന്റെ പൂർണ്ണ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. പമ്പ ഫോറസ്റ്റ് ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാടനത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു. തീർത്ഥാടനകാലം തുടങ്ങിയ ശേഷം തടസങ്ങളുണ്ടോ എന്ന് നേരിട്ട് വിലയിരുത്തുന്നതിനാണ് സന്ദർശനം നടത്തിയതെന്നും ശ്രദ്ധയിൽപ്പെട്ട വിഷയങ്ങളിൽ പരിഹാരം കാണാൻ നടപടികൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തീർത്ഥാടന പാതകളിൽ തടസ്സമായി നിന്ന ചെറുമരങ്ങൾ മുറിച്ചുമാറ്റി യാത്ര സുഗമമാക്കിയിട്ടുണ്ട്. പരിസ്ഥിതി സുരക്ഷാ മേഖല ഒഴികെയുള്ള സ്ഥലങ്ങൾ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ പ്രയോജനപ്പെടുത്താം. വനം മേഖലയിലെ മാലിന്യം നീക്കം ചെയ്യാൻ ശുചിത്വ മീഷനും ക്ളീൻ കേരള കമ്പനിയുമായി ചേർന്ന് നടപടി സ്വീകരിക്കും.
ലാൻഡ് ലെവലിങ്ങും ഫില്ലിങ്ങും നടത്തി ചക്കുപാലം ഗ്രൗണ്ടിൽ കൂടുതൽ വാഹനങ്ങൾക്ക് പാർക്കിങ്ങിനുള്ള സൗകര്യങ്ങൾ ക്രമീകരിക്കും. തീർത്ഥാടകരുടെ സുരക്ഷയ്ക്കും സുഗമമായ യാത്രയ്ക്കും മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല വികസനവുമായി ബന്ധപ്പെട്ട് യാതൊരുവിധ തടസ്സവും വനം വകുപ്പിന്റെ ഭാഗത്തു നിന്നുമില്ല. റോപ് വേ പദ്ധതിയ്ക്കും വകുപ്പിന്റെ പൂർണ്ണ പിന്തുണയുണ്ട്. കാനനപാത സന്ദർശിക്കുകയും ഭക്തരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇത്തവണ സർക്കാർ ഒരുക്കിയ തീർത്ഥാടന സൗകര്യങ്ങളിൽ അവർ സന്തോഷവും സംതൃപ്തിയും അറിയിച്ചതായും മന്ത്രി പറഞ്ഞു.
യോഗത്തിന് ശേഷം പമ്പാ ത്രിവേണി സംഗമം, ചക്കുപാലം ഗ്രൗണ്ട് എന്നീ സ്ഥലങ്ങൾ മന്ത്രി സന്ദർശിച്ചു കാര്യങ്ങൾ വിലയിരുത്തി.





