ബെംഗളൂരു : അർജുനായുള്ള തിരച്ചിൽ ഇന്ന് ഒമ്പതാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയിൽ ലോഹ ഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്ന് നടക്കുന്നത്. റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെയാണ് സോണാർ സിഗ്നലും ലഭിച്ചത്. മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും.
നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് സോണാർ സിഗ്നൽ ലഭിച്ചത്. കരസേനയും നാവികസേനയും സംയുക്തമായാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. സിക്കിം പ്രളയത്തില്‍ തെരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വൻസി സ്കാനർ ആണ് ഷിരൂരിലും ഉപയോഗിക്കുന്നത്. നദിയിൽ 60 ആഴത്തിൽനിന്ന് ചെളി നീക്കി പരിശോധിക്കും. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
അതേസമയം,അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. ഇന്നലെ കേസ് പരിഗണിച്ച പ്രത്യേക ബഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് നൽകിയിരുന്നു.