തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സുപ്രണ്ട് സജീവ് എസ്സിൽ നിന്നും ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏററുവാങ്ങി. ക്ഷേത്രം അഡ്മിനിസ്ട്രേററീവ് ഓഫീസർ എ.ജി. ശ്രീഹരി, ക്ഷേത്രം ജീവനക്കാരായ കൃഷ്ണകുമാർ.ബി, വിനേഷ്.ആർ, ജയിൽ ഉദ്യോഗസ്ഥരായ അഖിൽ എസ് നായർ, ബിജു കുമാർ, ജോസ് വർഗീസ്, കിഷോർ, സജി.എസ്, ബാലകൃഷ്ണൻ, പ്രദീപ്, സൂരജ്, അനന്തു, ബിനീഷ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് വർഷങ്ങളായി കയർ നിർമ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയർ നിർമ്മിക്കുന്നത്. ശുദ്ധിക്രിയകൾക്ക് ശേഷം കൊടിയേററിനു ഉപയോഗിക്കുന്ന പൂജിച്ച കൊടിയും, കൊടിക്കയറും പെരിയ നമ്പിയും, പഞ്ചഗവത്ത് നമ്പിയും ചേർന്ന്
ക്ഷേത്രം തന്ത്രിക്ക് കൈമാറും.
31ന് രാവിലെ 8.45 നും 9.45നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ ഈ കൊല്ലത്തെ അൽപശി ഉൽസവത്തിന് തുടക്കമാകും. നവംബർ 7 ന് വലിയ കാണിക്ക, 8 ന് പള്ളിവേട്ട, 9 ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടി 2024 അൽപശി ഉൽസവം സമാപിക്കും.