കോട്ടയം : നഗര മധ്യത്തിൽ ഏഴുപേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വെറ്റിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 11 മണി മുതൽ രണ്ടു മണിവരെയുള്ള സമയത്തിനിടയാണ് കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വച്ച് തെരുവുനായ ഏഴുപേരെ കടിച്ചു പരിക്കേൽപ്പിച്ചത്.
ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ ജീവനക്കാരും എബിസി സെൻറർ ജീവനക്കാരും ചേർന്ന് നായയെ പിടികൂടി കോടിമതയിലെ എബിസി സെൻറർലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ നായ ചാകുകയും ചെയ്തു. തുടർന്ന് നായയെ വിദഗ്ധ പരിശോധനയ്ക്കായി തിരുവല്ലയിലെ വെറ്റിനറി സെന്ററിലേക്ക് മാറ്റി. ഇവിടെ നടത്തിയ പോസ്റ്റുമോർട്ടത്തിലും പരിശോധനയിലും ആണ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.