കോട്ടയം: മലങ്കരസഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നാലാം ഓർമ്മപ്പെരുന്നാൾ സമാപിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ രാവിലെ 6.30 ന് പ്രഭാത നമസ്കാരം, 7. 30 ന് വിശുദ്ധ മൂന്നിന്മേൽ കുർബാന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു.
ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ ഗീവർഗീസ് മാർ ബർന്നബാസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. തുടർന്ന് പ്രസംഗം, കബറിങ്കൽ ധൂപ പ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിച്ചു.
വൈകീട്ട് 4 മണിക്ക് കുന്ദംകുളം ഭദ്രാസനത്തിൽ നിന്നും തെക്കൻ മേഖലയിൽ നിന്നുമുള്ള തീർത്ഥാടകർ മാർ ഏലിയാ കത്തീഡ്രലിൽ സംഗമിച്ച് ദേവലോകത്തെ കബറിങ്കലേക്ക് കാൽനട തീർത്ഥയാത്ര നടത്തി. അരമനയങ്കണത്തിൽ തീർത്ഥാടകരെ മാനേജർ യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സന്ധ്യാനമസ്ക്കാരത്തിന് പരിശുദ്ധ കാതോലിക്കാബാവായും, മെത്രാപ്പോലീത്താമാരും നേതൃത്വം നൽകി.
ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും, പ്രദക്ഷിണവും, ശ്ലൈഹിക വാഴ്വും നടന്നു.