പത്തനംതിട്ട : മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് കൂടൽ പോലീന്റെ പിടിയിൽ. രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടൽ ഏലിയാമൂല മഞ്ഞപ്പുഴകോൺ തണ്ണീർപന്തലിൽ വീട്ടിൽ രാജൻ( 37) അറസ്റ്റിലായത്. വയലരികിൽ നിന്നും മഞ്ഞനിറത്തിലുള്ള ചാക്കിനുളിൽ 3 പൊതികളാക്കി സൂക്ഷിച്ച ഏകദേശം 3.192 കിലോ തൂക്കം വരുന്ന കഞ്ചാവ് കണ്ടെത്തിയത്.
കോന്നി ഡി വൈ എസ് പി എസ് അജയ്നാഥിന്റെ മേൽനോട്ടത്തിൽ കൂടൽ പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടികൾ. വിവരം ലഭിച്ചതുപ്രകാരം പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ചാക്കിൽ സൂക്ഷിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന രാജൻ പോലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ചു. തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തപ്പോൾ സെല്ലോഫൈൻ ടേപ്പ് ഒട്ടിച്ച നിലയിൽ കഞ്ചാവ് മൂന്ന് പൊതികളിലായി സൂക്ഷിച്ചതായി കാണപ്പെട്ടു. പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തപ്പോൾ വിൽപ്പനക്കായി കൈവശം വച്ചതാണെന്ന് സമ്മതിച്ചു.
വൈദ്യപരിശോധനക്ക് വിധേയനാക്കിയ പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കൂടുതൽ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു.