പത്തനംതിട്ട : പത്തനംതിട്ടയിലെ വലഞ്ചുഴി ടൂറിസം പദ്ധതിക്ക് 3.06 കോടി രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവായി. അച്ചന്‍കോവില്‍ ആറിന്റെ തീരത്തുള്ള ഗ്രാമമായ വലഞ്ചുഴിയെ ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിനായിട്ടാണ് 3,06,53,182 രൂപയുടെ അനുമതി നല്‍കിയത്. 18 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.
വലഞ്ചുഴിയുടെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള പദ്ധതിയില്‍ പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിച്ചും തദ്ദേശവാസികളെ ടൂറിസം പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിയും ഉത്തരവാദിത്ത ടൂറിസം മാതൃകയിലായിരിക്കും പദ്ധതി വികസിപ്പിക്കുക.
പത്തനംതിട്ട നഗരവാസികളെ കൂടി ലക്ഷ്യമിട്ടുള്ള വിനോദസഞ്ചാര കേന്ദ്രമായി വലഞ്ചുഴിയെ മാറ്റും. പുതിയ ഡെസ്റ്റിനേഷന്‍ കണ്ടെത്തുകയും അത് വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ടൂറിസം വകുപ്പിന്റെ നയമെന്നും അതിന്റെ ഭാഗമായാണ് വലഞ്ചുഴി ടൂറിസം പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ലിഷര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ കൂടി ഇവിടെ പരമാവധി പ്രയോജനപ്പെടുത്തുകയാണ്.
വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള എന്‍ട്രന്‍സ് പ്ലാസ, ഗേറ്റ് വേ സ്ട്രക്ചര്‍, വോക്ക് വേ, ശുചിമുറി സമുച്ചയം, ഫുഡ് കിയോസ്‌ക്, കച്ചവട സ്ഥാപനങ്ങള്‍, ലാന്‍ഡ്‌സ്‌കേപ്പിങ്, വേസ്റ്റ് ഡിസ്‌പോസല്‍ യൂണിറ്റ്, കുടിവെള്ള കിയോസ്‌ക്, സൈനേജ്, ഹോര്‍ട്ടികള്‍ച്ചര്‍, പ്ലംബിങ്, ഇലക്ട്രിക്കല്‍, മറ്റ് നിര്‍മ്മാണ ജോലികള്‍ തുടങ്ങിയവയ്ക്കായാണ് തുക വകയിരുത്തിയിട്ടുള്ളത്. ടൂറിസം വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ ചുമതല അംഗീകൃത ഏജന്‍സികള്‍ക്ക് ആയിരിക്കും.