തിരുവനന്തപുരം : പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്‌ക്ക് വധശിക്ഷ.തട്ടിക്കൊണ്ടുപോകലിന് പത്ത് വർഷം ശിക്ഷയും അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചതിന് അഞ്ച് വർഷം ശിക്ഷയും വിധിച്ചിട്ടുണ്ട്. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരെ മൂന്ന് വർഷം തടവിനും കോടതി ശിക്ഷിച്ചു.50,000 രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് വിധി.
ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും പ്രതിക്കു പരമാവധി ശിക്ഷ നൽകാതിരിക്കാൻ പ്രായം തടസ്സമില്ലെന്നും കോടതി അറിയിച്ചു. പ്രകോപനമില്ലാതെയാണു കൊലപാതകം. കുറ്റകൃത്യം നടത്തിയിട്ടും അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനാണു ഗ്രീഷ്മ ശ്രമിച്ചതെന്നും കോടതി പറഞ്ഞു. കേസ് അന്വേഷിച്ച പൊലീസിനെ കോടതി അഭിനന്ദിച്ചു.
2022 ഒക്ടോബർ 14നു കാമുകനായ ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകിയതായാണ് കേസ്. കേസിൽ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.